Friday, 30 September 2016

കൊച്ചു കുട്ടി യുടെ ധൈര്യം

ഒരു ബിസിനസുകാരന്‍ എയര്‍പോര്‍ട്ടിലെത്താന്‍ വൈകിപ്പോയി.
ഭാഗ്യത്തിന് കൌണ്ടര്‍ അടക്കുന്നതിന്‌ ഏതാനും സെക്കന്‍റുകള്‍ക്കുള്ളില്‍ ബോര്‍ഡിംഗ് പാസ് കൈപ്പറ്റാനും ടെക് ഓഫിനു മുന്‍പ് ഒരുകണക്കിന്  വിമാനത്തിനുള്ളിലെത്താനും അയാള്‍ക്ക്‌ സാധിച്ചു.
ശ്വാസം കിട്ടാതെ വിയര്‍ത്തു കുളിച്ച് സീറ്റിനടുത്തെത്തി ബാഗ് തലയ്ക്കു മുകളില്‍ ലഗേജ് കമ്പാര്‍ട്ട്മെന്‍റില്‍ കുത്തിത്തിരുകിയ ശേഷം ജനലിനടുത്തിരുന്ന മധ്യവയസ്കയെയും നടപ്പാതക്കരികെയുള്ള സീറ്റില്‍ ഇരുന്നിരുന്ന കൊച്ചു പെണ്‍കുട്ടിയെയും അഭിവാദ്യം ചെയ്തു കൊണ്ട് അയാള്‍ നടുക്കുള്ള തന്‍റെ സീറ്റിലേക്കിരുന്ന്‍ ദീര്‍ഘമായി നിശ്വസിച്ചു.
വിമാനം റണ്‍വേയിലൂടെ ഓടിത്തുടങ്ങിയപ്പോള്‍ അയാള്‍ തൊട്ടടുത്തിരുന്ന പെണ്‍കുട്ടിയെ ശ്രദ്ധിച്ചു.
കയ്യിലിരുന്ന കളറിംഗ് ബുക്കില്‍ ചിത്രങ്ങള്‍ക്ക് നിറം കൊടുക്കുന്നതില്‍ മുഴുകിയിരിക്കുകയായിരുന്നു അവള്‍.
“ഹായ് മോളെ” അയാള്‍ അവളെ അഭിവാദ്യം ചെയ്തു.
“ഹലോ അങ്കിള്‍”
“എന്താ മോള്‍ടെ പേര് ?”
“നിവേദിത”
“മോളൂട്ടിക്കെത്ര വയസായി ?”
“8”
“ആണോ, അങ്കിളിനുമുണ്ട് ഇതേ പ്രായത്തില്‍ ഒരു സുന്ദരിമോള്.”
അവള്‍ മനോഹരമായി ചിരിച്ചു.
“ആട്ടെ, എന്തൊക്കെയാ മോളുടെ ഇഷ്ടങ്ങള്‍ ?”
“എനിക്ക് കാര്‍ട്ടൂണ്‍ ഇഷ്ടമാണ്, പിന്നെ പടം വരയ്ക്കാനും” അവള്‍ താല്‍പര്യത്തോടെ പറഞ്ഞു.
“ഏതൊക്കെ മൃഗങ്ങളെയാണ് മോള്‍ക്കിഷ്ടം ?”
“കുതിരകളെക്കാണാന്‍ നല്ല ഭംഗിയാണ്, പക്ഷെ എനിക്ക് പൂച്ചകളെയാണ് കൂടുതലിഷ്ടം”
ഇത്ര ചെറുപ്രായത്തിലുള്ള ഒരു പെണ്‍കുട്ടി തനിച്ചു യാത്രചെയ്യുന്നതിലെ അനൌചിത്യത്തെക്കുറിച്ചോര്‍ത്തപ്പോള്‍ ഒരുനിമിഷം ആകുലപ്പെട്ടെങ്കിലും അവളെ പരിഭ്രമിപ്പിക്കാതിരിക്കാന്‍ അയാളക്കാര്യം ചോദിച്ചില്ല. പക്ഷെ അവളുടെ സുരക്ഷിതത്വത്തെ മുന്‍നിര്‍ത്തി യാത്രയിലുടനീളം അവളെ സൂക്ഷമായി നിരീക്ഷിക്കുവാന്‍ അയാള്‍ തീരുമാനിച്ചു.
വിമാനം പറന്നു തുടങ്ങിയിട്ട് ഏകദേശം ഒരു മണിക്കൂര്‍ പിന്നിട്ടു കാണണം, പെട്ടെന്ന് വിമാനമോന്നു കുലുങ്ങി. പിന്നാലെ പൈലറ്റിന്‍റെ അനൌണ്‍സ്മെന്‍റ് മുഴങ്ങി. “യാത്രക്കാര്‍ എല്ലാവരും ദയവായി അവരവരുടെ സീറ്റുകളിലേക്ക് മടങ്ങുക. എല്ലാവരും സീറ്റ് ബെല്‍റ്റ്‌ ധരിക്കുക. നമ്മള്‍ അല്‍പ്പം മോശം കാലാവസ്ഥയിലൂടെ കടന്നു പോകുകയാണ്, എങ്കിലും പരിഭ്രമിക്കാന്‍ ഒന്നും തന്നെയില്ല”
അടുത്ത അര മണിക്കൂര്‍ വിമാനം ശക്തമായി ശക്തിയായി കുലുങ്ങുകയും ഇളകുകയുമൊക്കെ ചെയ്തു കൊണ്ടിരുന്നു. യാത്രക്കാരില്‍ പലരും ഉറക്കെ കരയാന്‍ തുടങ്ങി. അയാള്‍ക്കിടതു വശത്ത്‌ ജനാലക്കരികില്‍ ഇരുന്നിരുന്ന മദ്ധ്യവയസ്ക കരച്ചിലിന്‍റെ ശബ്ദത്തില്‍ ഉച്ചത്തില്‍ പ്രാര്‍ഥിക്കാന്‍ തുടങ്ങി.
ഭയം അയാളുടെ കാലുകളിലൂടെ ഒരു വിറയലായി മുകളിലേക്ക് കയറിത്തുടങ്ങി. അയാള്‍ അടിമുടി വിയര്‍ത്തു. ഇടക്ക് തൊണ്ട ശരിയാക്കി അയാളും “എന്‍റെ ദൈവമേ” എന്നുരുവിട്ടു കൊണ്ട് എന്തൊക്കെയോ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
എന്നാല്‍ അയാള്‍ക്കടുത്തിരുന്ന പെണ്‍കുട്ടിക്ക് മാത്രം യാതൊരു ഭാവമാറ്റവുമില്ല. തന്‍റെ കയ്യിലിരുന്ന കളറിംഗ് ബുക്കും ക്രയോണുകളും തൊട്ടു മുന്നിലെ സീറ്റ് പോക്കറ്റില്‍ നിക്ഷേപിച്ച് കൈ കെട്ടി തികഞ്ഞ പ്രസന്നഭാവത്തില്‍ ഇരിക്കുകയാണവള്‍.
പെട്ടെന്ന് ആരംഭിച്ചത് പോലെ തന്നെ വിമാനത്തിന്‍റെ കുലുക്കം നിന്നു. ഏതാനും നിമിഷങ്ങള്‍ക്കു ശേഷം പൈലറ്റിന്‍റെ അനൌണ്‍സ്മെന്‍റും വന്നു “മോശം കാലാവസ്ഥ അവസാനിച്ചിരിക്കുന്നു. ഇനിയൊന്നും തന്നെ പേടിക്കാനില്ല, യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍ ലാന്‍ഡ്‌ ചെയ്യുന്നതാണ്”
വിമാനം ലാന്‍ഡ് ചെയ്യാനായി താഴ്ന്നു പറന്നു തുടങ്ങിയപ്പോള്‍ അയാള്‍ ആകാംക്ഷ അടക്കാനാവാതെ ആ കൊച്ചു പെണ്‍കുട്ടിയോട് ചോദിച്ചു. “നീയെത്ര ചെറിയ കുട്ടിയാണ്, എന്നാല്‍ നിന്നെപോലെ ധൈര്യമുള്ള ഒരാളെ ഞാനെന്‍റെ ജീവിതത്തിലിതുവരെ കണ്ടിട്ടേയില്ല. മുതിര്‍ന്നവരെല്ലാം ഭയന്ന് വിറച്ചിരുന്നപ്പോള്‍ നീ മാത്രം എത്ര ശാന്തയായാണ് ഇരുന്നത്. എങ്ങനെ സാധിച്ചു നിനക്കത്, എവിടന്നു കിട്ടി നിനക്കീ ധൈര്യം ?”
അയാളുടെ കണ്ണുകളിലേക്കു നോക്കി ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരിയോടെ അവള്‍ പറഞ്ഞു – “പൈലറ്റ്‌ എന്‍റെ അച്ഛനാണ്. ഞങ്ങൾ വീട്ടിലേക്കു പോകുകയാണ് !”
* * * * * * * *
എന്താണ് ആ കൊച്ചു പെണ്‍കുട്ടിക്കിത്രയും ധൈര്യം നല്‍കിയത് ?
നാം വിശ്വാസമര്‍പ്പിക്കുന്ന പ്രിയപ്പെട്ടവര്‍ക്ക് നമ്മോടുള്ള സ്നേഹത്തിന്‍റെ ശക്തി തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ നമ്മുടെ മനസ്സ് അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ച് അലഞ്ഞു തിരിയുകയില്ല. അച്ഛന്‍ കൂടെയുള്ളപ്പോള്‍ മറ്റൊരല്‍ഭുതവും നാം പ്രതീക്ഷിക്കേണ്ടതില്ലല്ലോ, കാരണം മാതാപിതാക്കളേക്കാള്‍ വലിയ മറ്റെന്തത്ഭുതമാണ് നമ്മുടെ ജീവിതത്തിലുള്ളത്
------------------

രണ്ടു കുഞ്ഞുങ്ങൾ

ഒരു അമ്മയുടെ ഗർഭപാത്രത്തിൽ രണ്ടു കുഞ്ഞുങ്ങൾ വളരുന്നുണ്ടായിരുന്നു. പൂർണ വളർച്ചയെത്താറായ നാളിൽ ഒരു കുഞ്ഞ് മറ്റേ കുഞ്ഞിനോടു ചോദിച്ചു:
"നീ പ്രസവാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നുവോ?"

മറ്റേ കുഞ്ഞ് മറുപടി പറഞ്ഞു:
"തീർച്ചയായും, പ്രസവത്തോടെ ഒരു പുതിയ ജീവിതം ഉണ്ടായിരിക്കും.അതിനായി നമ്മെ ഒരുക്കി എടുക്കുന്നതിന് ആയിരിക്കാം നാമിപ്പോൾ ഇവിടെ, ഈ ഗർഭ പാത്രത്തിൽ കഴിയുന്നത്‌."

വിഡ്ഢിത്തം! ശുദ്ധ വിഡ്ഢിത്തം! പ്രസവശേഷം ഒരു ജീവിതം ഇല്ല. ഉണ്ടെങ്കിൽ എന്തായിരിക്കും ആ ജീവിതം?"

"എനിക്കറിയില്ല, പക്ഷേ എനിക്ക് തോന്നുന്നു, ഇവിടെ ഉള്ളതിനേക്കാൾ വെളിച്ചം നാം ഇനി ചെല്ലുന്നിടത്ത് ഉണ്ടായിരിക്കും.ഒരുപക്ഷേ ഈ പിഞ്ചു കാലുകൾ കൊണ്ട് നാം അവിടെ നടക്കും; വായകൊണ്ട് ഭക്ഷിക്കും".

"ഇത് വെറും അസംബന്ധമാണ്. ഈ കാലുകൾ കൊണ്ട് നടക്കുക സാധ്യമല്ല; മാത്രമല്ല വായ കൊണ്ട് ഭക്ഷണം കഴിക്കാനും സാധ്യമല്ല. വെറും വിഡ്ഢിത്തം! പൊക്കിൾകൊടിയാണ് നമുക്ക് പോഷകാഹാരം തരുന്നത്. നിനക്കറിയുമോ, പ്രസവത്തോടെ പൊക്കിൾകൊടി മുറിച്ചു മാറ്റപ്പെടും; അതോടെ തീർന്നു ഭക്ഷണം. അതുകൊണ്ട് പ്രസവത്തോടെ ജീവിതവും തീർന്നു. പൊക്കിൾകൊടി യാവട്ടെ വളരെ ചെറുതുമാണ്".

"പ്രസവത്തിനു ശേഷം കുറെ കാര്യങ്ങൾ ഉണ്ടെന്ന് ആണ് എന്റെ ധാരണ. ഈ ഗർഭപാത്രത്തിനുള്ളിൽ ഇപ്പോൾ ഉള്ളതിനേക്കാൾ വ്യത്യസ്തമായ ഒന്നായിരിക്കും ആ ജീവിതം".

"പ്രസവിച്ചു പോയവർ ആരും ഇന്നുവരെ തിരിച്ചു വന്നിട്ടില്ല. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ അവസാനം പ്രസവം ആണ്. അതുകഴിഞ്ഞാൽ പിന്നെ ഒന്നുമില്ല. ഉള്ളത് ഇരുട്ടും ആകുലതയും മാത്രം. അത് നമ്മെ ഒന്നിനും സഹായിക്കുകയും ഇല്ല".

"എന്തോ... എനിക്കറിയില്ല... പക്ഷേ എനിക്ക് തോന്നുന്നു.. പ്രസവത്തിനു ശേഷം നമ്മൾ തീർച്ചയായും നമ്മുടെ അമ്മയെ കാണും അമ്മ നമ്മളെ പൊന്നുപോലെ സ്നേഹിക്കുകയും ചെയ്യും".

"അമ്മയോ...? നീ അമ്മയിലും വിശ്വസിക്കുന്നുണ്ടോ? എങ്കിൽ നീ പറ, അവരിപ്പോൾ എവിടെയാണ്?"

"അമ്മ എല്ലാമാണ്, നമുക്ക് ചുറ്റിലും അവളുണ്ട്. നാം ഇപ്പോൾ ജീവിക്കുന്നത് അമ്മയിലാണ്. അവൾ ഇല്ലാതെ നമ്മുടെ ഈ ലോകം പോലും ഉണ്ടായിരിക്കില്ല".

"ഓ... നീ പുകഴ്ത്തി പറയുന്ന ഈ അമ്മയെ ഞാൻ ഒരിടത്തും കാണുന്നില്ലല്ലോ ".

'ചിലപ്പോൾ നീ നിശ്ശബ്ദതയിലായിരിക്കുമ്പോൾ നിനക്കമ്മയെ കേൾക്കാൻ കഴിയും.. നിനക്കമ്മയെ മനസ്സിലാക്കാനും കഴിയും... പ്രസവശേഷം ഒരു ജീവിതമുണ്ട്.. അതാണ്‌ യദാർത്ഥ ജീവിതം... അതിനായി നമ്മെ ഒരുക്കി എടുക്കുന്നതിന് ആണ് നാം ഇവിടെ ഈ ഗർഭ പാത്രത്തിൽ ആയിരിക്കുന്നത്".

"എന്തോ.... എനിക്കറിയില്ല!!!!"

സാങ്കല്പികമെങ്കിലും, ഈ രണ്ടു കുഞ്ഞുങ്ങളുടെ സംസാരം നമ്മുടെ കണ്ണ് തുറപ്പിക്കുന്നു.. അമ്മയെ മനസ്സിലാക്കാത്ത ഗര്‍ഭസ്ഥശിശുവിന് തുല്യരാണ് ദൈവത്തെ മനസ്സിലാക്കാത്ത ഭൂമിയിലെ മനുഷ്യര്‍..... നമ്മൾക്ക് ഇന്നൊട്ടും ഉൾകൊള്ളാൻ കഴിയാത്ത മറ്റൊരുലോകം നമ്മെ കാത്തിരിക്കുന്നു...!! ഭൗതിക വാദികൾ വിശ്വസിക്കുക,തങ്ങൾ കാണുന്നതിനെയും,അനുഭവിക്കുന്നതിനെയും മാത്രമാണു....പരലോകത്തിന്റെ കാര്യം പറയുമ്പോൾ അവർ നേരത്തെ പറഞ്ഞ ഗർഭസ്ഥ ശിശുവിന്റെ അവസ്ഥയിലാണു...!!

Wednesday, 28 September 2016

മുൻ ധാരണകൾ

ഒരാൾ എയർ പോർട്ടിൽ ചെന്നു..,
അയാളെ നമുക്ക് സൌകര്യത്തിനു വേണ്ടി  അജോയ് എന്ന് തന്നെ വിളിക്കാം,
നല്ല വിശപ്പുള്ളതിനാൽ അജോയ് നേരെ ചെന്ന് ഒരു പാക്കറ്റ് കുക്കീസ്‌ വാങ്ങി,
ട്രാവൽ ബാഗിൽ വെച്ചു,
പിന്നെ ഇരിക്കാൻ പറ്റിയ സ്ഥലം അന്വേഷിച്ചു നടന്നു...!
അങ്ങനെ ഒരു മൂലയിൽ ഒരാൾ മാത്രം ഇരിക്കുന്ന ഒരു സ്ഥലത്ത് പോയി അജോയ് ഇരുന്നു,
ബാഗ്‌ താഴെ വെച്ചു പോയി മുഖം കഴുകി,
പിന്നെ  ട്രാവൽ ബാഗിൽ നിന്നും കുക്കീസ്‌ എടുത്തു മടിയിൽ വെച്ചു തുറന്നു...!
അപ്പോൾ അടുത്തിരുന്ന ആൾ ഒരു വല്ലാത്ത നോട്ടം നോക്കി,
ആദ്യം കുക്കീസിൽ പിന്നെ  അജോയ് ടെ മുഖത്തും..,
അങ്ങനെ മാറി മാറി നോക്കിയ ശേഷം ഒരു മടിയോ ജാള്യതയോ കൂടാതെ അയാൾ ആ പാക്കറ്റിൽ നിന്നും ഒരു കുക്കീസ്‌ എടുത്തു കഴിച്ചു,
അജോയ് ഞെട്ടി,
എന്താണിത്?
വെള്ളരിക്കാ പട്ടണമോ?
വേറെ ആൾ കാശ് കൊടുത്ത സാധനം ഒരു ഉളുപ്പും ഇല്ലാതെ എടുത്തു കഴിക്കുന്നു,
ആരെയും വെറുപ്പിക്കാൻ പറ്റാത്ത സ്വഭാവം ആയതിനാൽ അജോയ് ഒന്നും മിണ്ടിയില്ല,
എന്നാൽ അയാൾ അത് കൊണ്ട് നിറുത്തിയോ,
ഇല്ല...!
അജോയ് ഓരോ കുക്കീസ്‌ എടുക്കുമ്പോഴും മത്സരമെന്നോണം  അയാളും ഓരോന്ന് എടുത്തു കൊണ്ടിരുന്നു...!
നാണമില്ലാത്ത ഇയാളെ എന്ത് പേരിട്ടു വിളിക്കണം,
നാളെ ഇയാളെ പറ്റി എന്ത് പോസ്റ്റ്‌ ഇടണം എന്നൊക്കെയുള്ള  ആലോചനയിൽ അജോയ് ഇരുന്നു,
വൃത്തി കെട്ടവൻ,
അപ്പോൾ ആണ് കുക്കീസ്‌ ബോക്സിൽ ഒരെണ്ണം മാത്രം അവശേഷിച്ചത്,
അജോയ് അത് എടുക്കും മുൻപ് നാണം കേട്ട ആ മനുഷ്യൻ അതും  എടുത്തു,പക്ഷെ എന്തോ കനിവ് കാണിക്കുമ്പോലെ അത് അയാൾ രണ്ടായി പൊട്ടിച്ച് ഒരു കഷണം അജോയ്ക്ക് കൊടുത്തു,
ഹോ അത്രയും ആശ്വാസം...!
അതും കൂടി കഴിച്ച ഉടനെ അയാൾ എണീറ്റ്‌ ഒരക്ഷരം പോലും പറയാതെ അയാളുടെ ബാഗും എടുത്തു ഒറ്റപ്പോക്ക്‌...!!!
എന്തൊരു മനുഷ്യനാണപ്പാ???
അജോയ് ആ വാശിയിൽ പോയി ഒരു പാക്കറ്റ് കുക്കീസ്‌ കൂടി വാങ്ങി കൊണ്ട് വന്നു...!
പിന്നെ വെറുതെ ഒന്ന് ട്രാവൽ ബാഗിൽ നോക്കിയപ്പോൾ ആണ് കാണുന്നത് ആദ്യം വാങ്ങി വെച്ച കുക്കീസ്‌ പാക്കറ്റ് അത് പോലെ അതിൽ ഇരിപ്പുണ്ട്...!!!
അപ്പോൾ  സ്വന്തം ബാഗ് ആണെന്ന് കരുതി തൊട്ടടുത്തിരുന്ന അയാളുടെ ബാഗിൽ അയാൾ വാങ്ങി വെച്ചിരുന്ന കുക്കീസ്‌ പാക്കറ്റ് ആണ് ആദ്യം അജോയ് എടുത്തു തുറന്നതും കഴിച്ചതും...!!!
ഇപ്പോൾ നിങ്ങൾ അയാളെ പറ്റി എന്ത് വിചാരിക്കും???
മഹാനായ മനുഷ്യൻ,
ദയാലു,
പാവം...
ഇത് വരെ എന്തൊക്കെ അയാളെ പറ്റി ചിന്തിച്ചോ അതിനെല്ലാം എതിര്..,
അല്ലെ???
ഇതാണ്, പ്രോഫൌണ്ട് പാരടൈം ഷിഫ്റ്റ്‌...!
ഒരേ സംഭവം നിങ്ങൾ ഇപ്പോൾ വേറെയൊരു  ആംഗിളിൽ കൂടി കാണാൻ തുടങ്ങി,
അതോടെ ഏറ്റവും വൃത്തികെട്ട ആൾ,
ഏറ്റവും നല്ലവൻ ആയി മാറി,
ഒരുപക്ഷെ മറ്റേ കുക്കീസ്‌ പാക്കറ്റ് നിങ്ങൾ കണ്ടില്ലായിരുന്നുവെങ്കിലോ
എങ്കിൽ ആ  അഭിപ്രായം അങ്ങനെ തന്നെ നിന്നേനെ...!
ഒന്നാലോചിച്ചു നോക്കൂ,
ലോകത്ത് നമ്മൾ അനുഭവിക്കുന്ന എല്ലാ കാര്യങ്ങൾക്കും ഉണ്ടാവും ഇത്തരം കാണാത്ത ചില ആംഗിളുകൾ,
മറ്റൊരു വശം,
അങ്ങനെ ഒരു വശത്ത് നിന്ന് കൂടി കാര്യങ്ങളെ നോക്കിക്കാണുന്നത് നമ്മുടെ ഒരുപാടു മുൻ ധാരണകളെ മാറ്റാനും അത് വഴി വിഷമങ്ങൾ,
പരാതികൾ,
സങ്കടങ്ങൾ
എല്ലാം മാറ്റാനും ഉപകരിക്കും...!!!
ലോകത്തെ എല്ലാ പ്രശ്നങ്ങൾക്കും മൂന്നു വശങ്ങൾ ഉണ്ട്,
എന്റെ വശം,
നിന്റെ വശം,
യാഥാർത്ഥ വശം...!!!
നിന്റെ വശവും,
യഥാർത്ഥ വശവും മനസിലാക്കാൻ ഞാൻ ആദ്യം എന്റെ വശത്ത് നിന്നും മാറി ചിന്തിക്കണം എന്ന് മാത്രം...!
അങ്ങനെ മാറാൻ തുടങ്ങിയാൽ ജീവിതം സുഗമവും സന്തോഷം നിറഞ്ഞതും ആവും എന്ന് ഗുണപാഠം...!!!
 

Saropadesakathakal Template by Ipietoon Cute Blog Design

Blogger Templates