Wednesday, 12 October 2016

നാം ആരെയാണ് ജയിക്കേണ്ടത് ?

ഒരിക്കൽ കൃഷ്ണനും ബലരാമനും വനത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു. യാത്രാ മദ്ധ്യേ അവർ വിശ്രമത്തിനായി ഒരു വട വൃക്ഷ തണലിൽ ഇരുന്നു. വളരെ തളർന്നതിനാൽ ക്ഷീണം മാറ്റാൻ ഉറങ്ങുവാൻ അവർ തീരുമാനിച്ചു. വന പ്രദേശമായതിനാൽ ഒരാൾ ഉറങ്ങുമ്പോൾ, മറ്റെയാൾ കവലിരിക്കാം എന്ന് നിശയിച്ചു.

ആയതിൻപടി ആദ്യം കൃഷ്ണൻ ഉറങ്ങി. കുറച്ചു നേരം കഴിഞ്ഞപ്പോൾ വട വൃക്ഷ മുകളിൽ നിന്ന് പെരുവിരൽ വലിപ്പത്തിൽ ഒരു കൊച്ചു ഭൂതം ഇറങ്ങിവന്നു. അത് ബലരാമനെ നോക്കി കണക്കിന് കളിയാക്കി തുടങ്ങി. ആദ്യം ബലരാമൻ ഭൂതത്തിനെ അവഗണിച്ചു. ക്രമേണ കളിയാക്കൽ മര്യാദയുടെ അതിരു ലംഘിക്കാൻ തുടങ്ങിയതോടെ ബലരാമന് ദേഷ്യം അധികരിച്ചു. രണ്ട് പേരും ദ്വന്ദ യുദ്ധത്തിൽ ഏർപ്പെട്ടു. ബലരാമൻ ഓരോ അടി അടിക്കുമ്പോഴും ഭൂതം വളർന്നു കൊണ്ടിരുന്നു. എത്ര ശ്രമിച്ചിട്ടും ബലരാമന് ആ ഭൂതത്തെ കീഴടക്കാൻ സാധിച്ചില്ല. മാത്രവുമല്ല പെരുവിരലിനോളം ഉണ്ടായിരുന്ന ഭൂതം ആകാശ രൂപിയായി.

ഇൗസമയം ഉറക്കമുണർന്ന കൃഷ്ണനെ കണ്ടതും ഭൂതം മറഞ്ഞു പോയി. ക്ഷീണിതനായ ജ്യേഷ്ഠനെക്കണ്ട്, എന്തു പറ്റി എന്നന്വേഷിച്ചു. ഭൂതത്തിനെ കീഴടക്കാനാവാത്തതിലുള്ള ഇച്ഛാഭംഗവും, ക്ഷീണവും കാരണം ബലരാമൻ ഒന്നുമുരിയാടാതെ ഉറങ്ങിപ്പോയി. കൃഷ്ണൻ തന്റെ ഊഴമായ കാവലും തുടങ്ങി.

കുറച്ച് സമയശേഷം, അംബര രൂപിയായ ഭൂതം വീണ്ടും പ്രത്യക്ഷപ്പെട്ടു, കൃഷ്ണനെ പോരിനു വിളിച്ച് ആക്ഷേപിച്ചു തുടങ്ങി. കൃഷ്ണനാവട്ടെ ആക്ഷേപത്തിൽ ചൊടിക്കാതെ ചെറു പുഞ്ചിരിയോടെ ഭൂതത്തിനെ നേരിട്ടു. ക്രമേണ ഭൂതത്തിന്റെ വലിപ്പം കുറഞ്ഞ് കുറഞ്ഞ് പെരുവിരലിനേക്കാളും  ചെറുതായി. ഉടനെ കൃഷ്ണൻ ഭൂതത്തെ തന്റെ അങ്കവസ്ത്ര തുമ്പിൽ കെട്ടിയിട്ടു.

ഇതിനിടെ ഉറക്കമുണർന്ന ബലരാമൻ ആ ഭൂതത്തെ തിരയാൻ തുടങ്ങി. അപ്പോൾ കൃഷ്ണൻ, അങ്കവസ്ത്രത്തുമ്പിൽ നിന്നും ഭൂതത്തെ എടുത്ത് കാണിച്ചു, അത്യന്തം ശുഷ്ക്കിച്ചിരിക്കുന്ന ഭൂതത്തെ കണ്ട ബലരാമൻ അതിശയിച്ചു.

കൃഷ്ണനപ്പോൾ പറഞ്ഞു, "ഈ ഭൂതം നമ്മിൽ കുടികൊള്ളുന്ന, മുൻകോപം, വെെര്യം, വിദ്ധ്വേഷം, അസഹിഷ്ണുത, അത്യാഗ്രഹം തുടങ്ങിയ എല്ലാവിധ ദുർഗ്ഗുണങ്ങളെയും പ്രതിനിതീകരിക്കുന്നു. ഈ വിചാരങ്ങൾക്ക് അടിമയാവാതെ അവയ്ക്കുമേൽ  ആധിപത്യം നേടിയാൽ നാമൊരിക്കലും തളരുകയോ, തോൽക്കുകയോ ചെയ്യില്ല".

ഇതു ശരിയല്ലേ കൂട്ടുകാരെ?

വരൂ നമുക്കീ ഭൂതങ്ങളെ കീഴ്പ്പെടുത്താൻ ആത്മാർത്ഥമായി പരിശ്രമിക്കാം

🙏�ഹരി ഓം🙏

0 comments:

Post a Comment

 

Saropadesakathakal Template by Ipietoon Cute Blog Design

Blogger Templates